ഹോഷിയാപുര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈദികന് ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് അധികൃതര്‍ പറയുന്നത്.
തിങ്കളാഴ്ച രാവിലെ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലുള്ള ദസൂഹയിലെ പള്ളിമുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം വൈദികന്റെ മരണത്തില്‍ ചില ദുരൂഹതകള്‍ ഉണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മരണകാരണം ഫ്രാങ്കോയ്ക്ക് നേരെയും വിരല്‍ ചൂണ്ടുകയുണ്ടായി.എന്നാല്‍ സ്വാഭാവിക മരണമാണെന്നായിരുന്നു ജലന്ധര്‍ രൂപതയുടെ പ്രതികരണം.
അതേസമയം ഫ്രങ്കോ മുളയ്ക്കല്‍ ജയിലിലായ സമയത്ത് വൈദികന്റെ വീടിന്റെ പരിസരത്ത് ഗുണ്ടകളും അപരിചിതരും വിളയാട്ടം നടത്തിയിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. മാത്രമല്ല വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും അക്കാര്യം പോലീസില്‍ പറയാന്‍ വൈദികന് മടിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു
അതേസമയം അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. സംസ്കാരം നാളെ നടക്കും
Discussion about this post