രാഷ്ട്രീയ വൈരാഗ്യം; ഗുജറാത്തിലെ മുന്‍ ബിജെപി നേതാവിന്റെ കൊലയ്ക്ക് പിന്നില്‍ ബിജെപി നേതാവ് എന്ന് പോലീസ് സ്ഥിരീകരിച്ചു

അഹമ്മദാബാദിലേക്കുള്ള സായാജി നഗരി എക്‌സ്പ്രസിലാണ് ഭാനുശാലി വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിലെ മുഖ്യപ്രതി ഛാബില്‍ പട്ടേലെന്നാണ് പോലീസ് പറയുന്നത്

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ ബിജെപി എംഎല്‍എയുടെ കൊലപാതകത്തില്‍ ബിജെപി നേതാവ് ഛബിന്‍ പട്ടേലിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചു. ബിജെപി മുന്‍ ഉപാധ്യക്ഷന്‍ ജയന്തിലാല്‍ ഭാനശാലി ജനുവരി 8 നാണ് വെടിയേറ്റ് മരിച്ചത്. രാഷ്ട്രീയ വൈരാഗ്യം മൂലം വാടക കൊലയാളികളെ ഉപയോഗിച്ച് കൊല നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അഹമ്മദാബാദിലേക്കുള്ള സായാജി നഗരി എക്‌സ്പ്രസിലാണ് ഭാനുശാലി വെടിയേറ്റ് മരിച്ചത്.
കൊലപാതകത്തിലെ മുഖ്യപ്രതി ഛാബില്‍ പട്ടേലെന്നാണ് പോലീസ് പറയുന്നത്. കൊല നടത്തിയതിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയ്ക്കുള്ള വിമാനത്തില്‍ പട്ടേല്‍ യുഎസിലേക്കു പോയെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യതത്.

പുനെയില്‍ നിന്നുള്ള വാടക കൊലയാളികളാണ് കൊല നടത്തിയത്. ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ കൊല നടത്തിയ ശേഷം ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കൊലപാതകികള്‍ രക്ഷപ്പെട്ടു എന്നാണ് പോലീസിന്റെ നിഗമനം.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ച് എംഎല്‍എയായി. ഛബില്‍ പട്ടേല്‍ പിന്നീട് ബിജെപിയില്‍ എത്തിയതോടെ ഇരുവരും തമ്മില്‍ അധികാര വടംവലി തുടങ്ങി.

2017ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ഛബില്‍ പട്ടേല്‍ തോറ്റു. തോല്‍വിക്ക് കാരണം ഭാനുശാലിയാണെന്ന് ആരോപിച്ച ഛബില്‍, ഭാനുശാലിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ഭാനുശാലിക്ക് ഉപാധ്യക്ഷ സ്ഥാനം നഷ്ടമായിരുന്നു. പട്ടേല്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഭാനുശാലിയെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പട്ടേലിന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഉള്‍പ്പെടെ മറ്റുമൂന്നുപേര്‍ കൂടി കൊലപാതകത്തിന് പിന്നിലുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

.

 

Exit mobile version