ക്വലാലംപൂര്‍: മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച് ഹെഡ്ഫോണിലൂടെ പാട്ട് കേട്ട കൗമാരക്കാരന് ദാരുണാന്ത്യം. പതിനാറുകാരനായ മുഹമ്മദ് എയ്ദി അസ്ഹര്‍ സഹറിന് എന്ന മലേഷ്യന്‍ ബാലനാണ് അശ്രദ്ധകാരണം അപകടം വിളിച്ചുവരുത്തിയത്. ചാര്‍ജിലിട്ട ഫോണില്‍ നിന്നും ഹെഡ്ഫോണിലൂടെ പാട്ടു കേട്ടുകൊണ്ടിരുന്ന മുഹമ്മദിനെ പിന്നീട് അമ്മ കണ്ടത്, വീടിനകത്ത് തണുത്തു മരവിച്ച ചലനമറ്റു കിടക്കുന്ന രീതിയിലാണ്. ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം. ചാര്‍ജറിലെ അപാകതയാണ് വൈദ്യുതാഘാതത്തിനു വഴിവച്ചതെന്നാണ് അനുമാനം. ചെവിയില്‍ പൊള്ളലേറ്റ പാടുകളല്ലാതെ മുഹമ്മദിന്റെ ദേഹത്ത് ബാഹ്യമായി മറ്റു പരിക്കുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ഈ വര്‍ഷം സമാനരീതിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന നാലാമത്തെ മരണമാണിത്. ഫെബ്രുവരിയില്‍ ബ്രസീല്കാരിയായ 17കാരിയെയും സമാന രീതിയില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വലിയ തോതിലുള്ള വൈദ്യുതി പ്രവാഹം ഫോണിലൂടെ പ്രവഹിച്ച് ഹെഡ്ഫോണ് ചെവിക്കുള്ളില്‍ ഉരുകിയ നിലയിലായിരുന്നു. ചാര്‍ജിലായിരുന്ന ഫോണ്‍ ഉരുകിയ നിലയിലായിരുന്നു. മറ്റു രണ്ടു മരണങ്ങളും നടന്നത് ഇന്ത്യയിലാണ്.
പാട്ടുകേട്ടു കിടക്കുകയായിരുന്ന 46കാരിയും 22 കാരനുമാണ് മെയ്, ജൂണ്‍ മാസങ്ങളിലായി ഷോക്കേറ്റു മരിച്ചത്. ചാര്‍ജറുകളുടെ ഗുണനിലവാരമില്ലായ്മയാണ് പലപ്പോഴും വൈദ്യുതാഘാതത്തിനു കാരണമാകുന്നത്.
Discussion about this post