ബെംഗളൂരു: കുട്ടികള്‍ക്കിടയിലെ ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കാനെന്ന പേരില്‍ സ്‌കൂളുകളിലെത്തിയാണ് ഇയാള്‍ കുട്ടികളെ കണ്ടെത്തിയിരുന്നത്. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിശ്വാസം ആര്‍ജിച്ച ശേഷം, സഹായിക്കാനെന്ന വ്യാജേന കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ 20ല്‍ അധികം ആണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ചന്ദ്ര കെ ഹെമ്മാദി എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ്. പ്രമുഖ കന്നഡ പത്രത്തിന്റെ ബൈന്ദൂരിലെ ലേഖകനാണ് ചന്ദ്ര. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ച്, ആറ് ദിവസങ്ങള്‍ക്കിടയിലാണ് ഇയാള്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടതെന്ന് ബൈന്ദൂര്‍ പൊലീസ് പറഞ്ഞു. ബൈന്ദൂര്‍ ഗംഗോലി, കൊല്ലൂര്‍കുന്ദാപുര എന്നീ പൊലീസ് സ്‌റ്റേഷനുകളിലായാണ് കേസുകളുള്ളത്. 21 കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2013 മുതലുള്ള കേസുകളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും അതിനു മുന്‍പും കൂടുതല്‍ കുട്ടികള്‍ പീഡനത്തന് ഇരയായിട്ടുണ്ടാകാന്‍ ഇടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ചന്ദ്രയെ ഡിസംബര്‍ 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.