തട്ടുകടയില്‍ പുട്ടിനും പൊറോട്ടയ്ക്കും വേണ്ടി തര്‍ക്കം! കരിമ്പിന് തണ്ട് കൊണ്ട് അടിയേറ്റ് യുവാവ് മരിച്ചു; മുഖ്യ ശിക്ഷക് ഉള്‍പ്പടെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തട്ടുകടയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

വൈക്കം: വൈക്കത്തഷ്ടമി ആഘോഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് ആക്രമി സംഘം കരിമ്പിന്‍ തണ്ടിന് അടിച്ചു കൊന്നു. വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാം (24) ആണ് മരിച്ചത്. മേക്കല്‍ സ്വദേശി നന്ദു (22)വിന് ആക്രമണത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തട്ടുകടയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലു പേരെ പോലീസ് പിടികൂടി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വൈക്കം ജംഗ്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. സുദര്‍ശന്‍ എന്നയാളുടെ തട്ടുകടയില്‍ കാപ്പി കുടിക്കാന്‍ വന്നതായിരുന്നു ഇരര കൂട്ടരും.

കടയിലെത്തിയ ആദ്യം എത്തിയ പത്തംഗ സംഘം ആവശ്യപ്പെട്ടത് പുട്ടായിരുന്നു. എന്നാല്‍ പുട്ട് തയാറാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെ ശ്യാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെത്തി പൊറോട്ട ചോദിച്ചു. കടക്കാര്‍ ശ്യാമിനും സംഘത്തിനും പൊറോട്ട നല്‍കുകയും ചെയ്തു. എന്നാല്‍, ഇതു ഇഷ്ടപ്പെടാതെ ആര്‍എസ്എസ് സംഘം ഇവരോടും ജീവനക്കാരോടും തട്ടിക്കയറുകയായിരുന്നു.

തട്ടുകടയിലെ ജീവനക്കാരെ മര്‍ദ്ദിക്കുകയും കടയിലെ ഭക്ഷണ സാധനങ്ങള്‍ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് മുങ്ങി. ശേഷം, അഷ്ടമി ആഘോഷങ്ങളിലേയ്ക്ക് പോയ സംഘങ്ങള്‍ വീണ്ടും വൈക്കം ബീച്ചിന് സമീപത്ത് വച്ചാണ് കണ്ടുമുട്ടിയത്. ഇവിടെ വച്ച് നേര്‍ക്കുനേര്‍ കണ്ട സംഘങ്ങള്‍ തമ്മില്‍ പോര്‍വിളി മുഴക്കി.

തുടര്‍ന്ന് ഇരു സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ സമീപത്തെ ജ്യൂസ് കടയില്‍ നിന്നുള്ള കരിമ്പ് എടുത്ത് അക്രമി സംഘത്തിലെ ഒരാള്‍ ശ്യാമിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് റോഡില്‍ വീണ ശ്യാം സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇതോടെ അക്രമിസംഘം സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. നാട്ടുകാരും, വിവരമറിഞ്ഞെത്തിയ പോലീസും ചേര്‍ന്നാണ് ശ്യാമിനെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച ശ്യാം കലശേഖരമംഗലം ടോള്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്കി. മാതാവ്: ശോഭ. സഹോദരന്‍: ശരത്. കലശേഖരമംഗലം ടോള്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ്.

Exit mobile version