ന്യൂഡൽഹി: നാസ ബഹിരാകാശ യാത്രികയായ ഇന്ത്യൻ വംശജ സുനിത വില്യംസ് ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയെന്ന് പ്രചരിപ്പിച്ച് സോഷ്യൽമീഡിയ. ബംഗാളി ഭാഷയിൽ മക്ക മദീന എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം. വീഡിയോ രണ്ട് ലക്ഷത്തിലേറെ ആളുകളിലെത്തിയതോടെ സംഭവത്തിന്റെ സത്യാവസ്ഥ തേടി ആളുകൾ രംഗത്തെത്തിയിരിക്കുകയാണ്.
ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങൾ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോൾ നക്ഷത്രത്തിലെ വെളിച്ചം മക്കയിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലാക്കിയ സുനിത ഇസ്ലാം മതത്തിൽ ആകൃഷ്ടയാവുകയായിരുന്നു എന്നാണ് പ്രചാരണം. എന്നാൽ, ഇക്കാര്യം വ്യാജമാണെന്നും സുനിത ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വർഷങ്ങളായി തുടരുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. സുനിത വില്യംസിന്റെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്. സുനിത എന്തിന് ഇസ്ലാം മത വിശ്വാസിയാകണമെന്നാണ് അവരുടെ സുഹൃത്ത് പ്രതികരിച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. നാസയും സുനിത ഇസ്ലാമിലേക്ക് മാറിയിട്ടില്ലെന്നു വിശദീകരിച്ചതായി ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
2010ലും സമാനമായ പ്രചാരണം നടന്നിരുന്നു. അടിസ്ഥാന രഹിതമായ വാർത്ത പ്രചരിക്കുന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് അന്ന് സുനിത വില്യംസ് വാർത്തയോട് പ്രതികരിച്ചത്. എന്റെ അച്ഛൻ ഹിന്ദുവാണ്. അമ്മ ക്രിസ്ത്യാനിയും. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും യേശു ക്രിസ്തുവിന്റെയും കഥകൾ കേട്ടാണ് ഞാൻ വളർന്നത്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും സുനിത 2016ൽ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Discussion about this post