വഡോദര: കഴുത്തൊപ്പം വെള്ളത്തില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഒന്നര വയസ്സുള്ള പെണ്കുഞ്ഞിനെയും തലയിലേറ്റി ജീവിതത്തിലേക്ക് നടന്നു കയറിയ പോലീസുകാരനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. പ്രളയത്തില്‍ മുങ്ങിയ ഗുജറാത്തിലെ വഡോദരയിലെ ഒരു സബ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ് ഛവ്ഡയാണ് തന്റെ ജീവന് പോലും മറന്ന് പിഞ്ചു കുഞ്ഞിനെ രക്ഷിച്ചത്.
വിശ്വമിത്രി റെയില്‍വേ സ്റ്റേഷന് സമീപത്തെ ദേവീപുര എന്ന സ്ഥലത്താണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്നതിനിടെയാണ്
ഗോവിന്ദ് ചെറിയ കുട്ടിയും അമ്മയും വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഗോവിന്ദ് കുട്ടിയെ ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കിടത്തി കയറില്‍ പിടിച്ച് സാഹസികമായി അക്കരയ്ക്ക് എത്തിക്കുകയായിരുന്നു.
പ്ലാസ്റ്റിക് പാത്രത്തില്‍ തുണികള്‍ വെച്ചാണ് കുഞ്ഞിനെ കിടത്തിയത്. അഞ്ചടി താഴ്ചയില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ നടന്നാണ് കുഞ്ഞിനെയും അമ്മയെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതെന്ന് ഗോവിന്ദ് ഛവ്ഡ പറയുന്നു. എന്തായാലും കുഞ്ഞിനെ രക്ഷിച്ച് കരയ്ക്കെത്തിച്ച ഗോവിന്ദിനെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
Discussion about this post