ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തിലെ ഇരയായ പെണ്‍കുട്ടിക്ക് സുപ്രീംകോടതി നിര്‍ദേശിച്ച സഹായധനം യുപി സര്‍ക്കാര്‍ കൈമാറി. ലക്നൗ കലക്ടര്‍ കൗശല്‍ രാജ് ശര്‍മ്മ ആശുപത്രിയിലെത്തിയാണ് 25 ലക്ഷം രൂപയ്ക്കുള്ള ചെക്ക് കുട്ടിയുടെ അമ്മയ്ക്ക് നല്‍കിയത്. പെണ്‍കുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവും താല്‍ക്കാലിക സഹായം നാളേയ്ക്കകം നല്‍കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട നാല് കേസുകളുടെ വിചാരണ ഡല്‍ഹി സിബിഐ കോടതിയിലേക്ക് മാറ്റി. വിചാരണ നാല്‍പ്പത്തിയഞ്ച് ദിവസത്തിനകവും വാഹനാപകടക്കേസ് അന്വേഷണം ഒരാഴ്ചയ്ക്കകവും പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടു.
കുല്‍ദീപ് സിങ് സെന്‍ഗറും മകനും സഹോദരനും പ്രതികളായ ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച നാല് കേസുകളുടെ വിചാരണയാണ് ഡല്‍ഹി തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. ജില്ലാ ജഡ്ജ് ധര്‍മേഷ് ശര്‍മ വാദം കേള്‍ക്കും. വിചാരണ ആരംഭിച്ച് 45 ദിവസത്തിനുള്ളില്‍ ഓരോ കേസിലും തീര്‍പ്പുണ്ടാക്കണം. ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഈ കേസിലെ വിചാരണയും തീസ് ഹസാരിയില്‍ തന്നെ നടക്കും.
പെണ്‍കുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും 24 മണിക്കൂര്‍ സുരക്ഷ കേന്ദ്ര സേന നല്‍കണം. പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതിന് തടസമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളോട് ആലോചിച്ച് തീരുമാനം അറിയിക്കാന്‍ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി.
പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്റര്‍ ഒരു തവണ നീക്കി ട്രയല്‍ നടത്തിയെന്ന് ലക്നൗ കിംഗ് ജോര്‍ജ്സ് ആശുപത്രി. വിദഗ്ധ ചികില്‍സയ്ക്കായി അത്യാവശ്യമാണെങ്കില്‍ മാത്രം ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ മാറ്റിയന്ന നിലപാടിലാണ് കുടുംബം.
Lucknow DM Kaushal Raj Sharma: As Supreme Court today directed the state to pay compensation to Unnao rape survivor and her family, we have handed over the cheque of Rs.25 lakhs to the Unnao rape survivor's mother. pic.twitter.com/7qclg78qo6
— ANI UP (@ANINewsUP) 1 August 2019