ജബല്‍പുര്‍: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കിയ ഉപഭോക്താവിനെതിരെ സ്വമേധയാ നടപടിയ്ക്കൊരുങ്ങി മധ്യപ്രദേശ് പോലീസ്. ജബല്‍പുരിലെ താമസക്കാരനായ അമിത് ശുക്ല എന്നയാളാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ട്വീറ്റ് ചെയ്തത്.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിന്റെ പശ്ചാലത്തലത്തില്‍, ഇയാളോട് വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് അയക്കുമെന്ന് പോലീസ് സൂപ്രണ്ട് അമിത് സിങ് വ്യക്തമാക്കി.
അമിത് ശുക്ലയ്ക്ക് ഭക്ഷണ വിതരണ കമ്പനിയായ സൊമോറ്റോ നല്കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ സാഹചര്യത്തിലാണ് പോലീസ് നടപടി. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും സ്വമേധയാ നോട്ടീസ് അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ വീണ്ടും ഇത്തരം നടപടികള്‍ ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാര്‍ ശ്രമിച്ചതിനും സമാധാനാന്തരീക്ഷം ഇല്ലാതാക്കിയതിനുമാണ് കേസെടുക്കുകയെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് അമിത് ശുക്ല താന്‍ സൊമാറ്റോക്ക് നല്കിയ ഓര്‍ഡര്‍ റദ്ദാക്കിയതിന്റെ കാരണം പങ്കുവെച്ചത്. ‘എന്റെ ഭക്ഷണം എത്തിക്കുന്നതിനായി ഒരു അഹിന്ദുവിനെയാണ് അവര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ സൊമാറ്റോയെ ബന്ധപ്പെട്ടപ്പോള്‍ ആളെ മാറ്റാനാവില്ലെന്നും ഓര്‍ഡര്‍ റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു.’ പണം തിരിച്ച് തന്നില്ലെങ്കിലും ആ ഭക്ഷണം തനിക്ക് വേണ്ടെന്ന് താന്‍ അവരോട് പറഞ്ഞെന്നും ഇയാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Food doesn’t have a religion. It is a religion. https://t.co/H8P5FlAw6y
— Zomato India (@ZomatoIN) 31 July 2019
ഇതിന് സൊമാറ്റോ നല്കിയ മറുപടിയാണ് സംഭവത്തെ കൂടുതല്‍ ചര്‍ച്ചയാക്കിയത്. ഭക്ഷണത്തിന് മതമില്ല, അത് തന്നെ ഒരു മതമാണ് എന്നായിരുന്നു കമ്പനിയുടെ മറുപടി. ഇന്ത്യയെ കുറിച്ചും പ്രിയപ്പെട്ട ഉപഭോക്താക്കളെ കുറിച്ചും പങ്കാളികളെ കുറിച്ചും ഏറെ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പേരില്‍ ബിസിനസില്‍ എന്തെങ്കിലും നഷ്ടമുണ്ടാകുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നില്ലെന്നും സൊമാറ്റോയുടെ സ്ഥാപകന്‍ ദീപേന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു. ഈ മറുപടിക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിച്ചത്.
Discussion about this post