ബംഗളൂരു: വി.ജി സിദ്ധാര്‍ത്ഥയുടെ വിയോഗം ഒരാള്‍ ഒഴികെ ലോകം മുഴുവനും അറിഞ്ഞു. അറിയാതെ പോയത് പിതാവ് ഗംഗയ്യ ആണ്. ഏക പോയത് അറിയാതെ രോഗ കിടക്കയിലാണ് അദ്ദേഹം. ഗംഗയ്യയുടെയും വാസന്തി ഹെഡ്ജയുടെയും ഏകമകനാണ് സിദ്ധാര്‍ത്ഥ. വിവാഹം കഴിഞ്ഞ് ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷമാണ് സിദ്ധാര്‍ത്ഥ ജനിക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയം ഏറെയായിരുന്നു.
ഇപ്പോള്‍ ഗംഗയ്യ കോമ അവസ്ഥയിലാണ്. 96-ാം വയസില്‍ രോഗത്തോട് പോരാടുകയാണ്. മരണത്തിന് മൂന്ന് ദിവസം മുന്‍പ് സിദ്ധാര്‍ത്ഥ പിതാവിനെ കാണാന്‍ എത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അനക്കമില്ലാതെ കിടക്കുന്ന അച്ഛന്റെ കിടക്കയ്ക്ക് അരികില്‍ ഏറെ നേരമിരുന്ന് സിദ്ധാര്‍ത്ഥ തേങ്ങികരഞ്ഞിരുന്നതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം 15 ദിവസം മുന്‍പാണ് ഗംഗയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞാന്‍ ഇനിയും വരും എന്ന് വാക്ക് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. എന്നാല്‍ അത് അവസാന വരവ് ആയിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായതെന്നും ബന്ധുക്കള്‍ നിറകണ്ണുകളോടെ പറഞ്ഞു. കോമയിലുള്ള അവസ്ഥ ഒരുതരത്തില്‍ പിതാവിന് അനുഗ്രഹമാണെന്നും ആറ്റുനോറ്റുണ്ടായ മകന്റെ വിയോഗം അദ്ദേഹത്തെ എത്രമാത്രം തളര്‍ത്തുമെന്ന് പറയാനാകില്ലെന്നും ബന്ധുക്കള്‍ പറയുന്നു.