ആദ്യം നടന്ന്, പിന്നീട് സൈക്കിളില്‍ ശേഷം മോട്ടോള്‍ സൈക്കിളില്‍ ഇപ്പോള്‍ ഹെലികോപ്റ്ററിലും; ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം കളറാക്കി സ്‌കൂള്‍ ജീവനക്കാരന്‍

40 വര്‍ഷത്തെ സേവനമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്.

ന്യൂഡല്‍ഹി: പലപ്പോഴും യാത്രയയപ്പ് കണ്ണീരില്‍ കലാശിക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ബന്ധമായാലും രണ്ട് ദിവസത്തെ ബന്ധമായാലും ആഴത്തില്‍ ഉള്ളതാണെങ്കില്‍ കരച്ചില്‍ പതിവാണ്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരു യാത്രയയപ്പാണ് വൈറലാകുന്നത്. ഫരീദാബാദിലെ സദ്പുരയിലുള്ള സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായ കുറെ റാം തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനത്തില്‍ സ്‌കൂളില്‍ വന്നിറങ്ങിയത് ഹെലികോപ്ടറിലായിരുന്നു. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.

40 വര്‍ഷത്തെ സേവനമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം സ്‌കൂള്‍ മുറ്റത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത്. സ്‌കൂളിലേയ്ക്ക് ആദ്യം വന്നത് നടന്നായിരുന്നു, പിന്നീട് സൈക്കിളിലായി ശേഷം മോട്ടാര്‍ സൈക്കിളിലും ആയിരുന്നു. ഇപ്പോള്‍ അവസാന ദിനത്തില്‍ ഹെലികോപ്ടറിലും പറന്നിറങ്ങിയിരിക്കുകയാണ് കുറെ റാം.

കുറെ റാമിന്റെ സഹോദരനും സദ്പുര സര്‍പഞ്ചുമായിട്ടുള്ള ശിവ് കുമാര്‍ പറയുന്നത് ഇങ്ങനെ;

വിരമിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് റാം അദ്ദേഹത്തിന്റെ ആഗ്രഹം എന്നോട് പറയുന്നത്. വ്യത്യസ്തമായ രീതിയില്‍ തന്റെ വിരമിക്കല്‍ ചടങ്ങ് ആഘോഷിക്കണം. ഹെലികോപ്റ്ററില്‍ കുടുംബത്തോടൊപ്പം ചുറ്റുകയെന്നത് എന്റെയൊരു ആഗ്രഹമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതനുസരിച്ചാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയതെന്നും ശിവ് കുമാര്‍ പറഞ്ഞു. ആദ്യം സ്‌കൂളിലേക്ക് നടന്നായിരുന്നു അദ്ദേഹം എത്തിയിരുന്നത്. പിന്നീട് സൈക്കിളിലാക്കി. അത് കഴിഞ്ഞ് മോട്ടോര്‍ സൈക്കിളിലും അവസാന ദിവസം ഹെലികോപ്റ്ററില്‍ വേണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

നാട്ടില്‍ നിന്ന് കുടുംബാംഗങ്ങളെ മൊത്തം എട്ട് ട്രിപ്പുകളിലായിട്ടാണ് കുറെ റാം സ്‌കൂളിലേക്കെത്തിച്ചത്. ഇതിനായി മൂന്നര ലക്ഷം രൂപയാണ് കുടുംബാംഗങ്ങളെല്ലാവരും കൂടി സമാഹരിച്ചത്. ഞങ്ങളുടേത് ഒരു ധനിക കുടുംബമൊന്നുമല്ല. സ്വന്തമായി കൃഷി ഭൂമിയൊന്നുമില്ല. എന്ന് കരുതി ജീവിക്കാന്‍ വകയില്ലാത്തവരുമല്ല. എന്നാല്‍ ഞങ്ങളുടെ സഹോദരന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഞങ്ങള്‍ ഒത്തു ചേര്‍ന്നു എന്ന് മാത്രം.

Exit mobile version