ബെയ്ജിങ്: ഇന്ത്യയിലെ ആയിരക്കണക്കിന് ട്രൂകോളർ ആപ്പ് ഉപയോക്താക്കളുടെ പേരിൽ അവരറിയാതെ സ്വകാര്യബാങ്കിന്റെ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) അക്കൗണ്ട് രജിസ്റ്റർ ചെയ്ത സംഭവത്തിൽ മാപ്പ് ചോദിച്ച് ട്രൂകോളർ സ്ഥാപകൻ നാമി സറിംഗാലം.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാതെ മൊബൈൽ ഫോൺ വഴി മറ്റൊരാൾക്ക് എളുപ്പത്തിൽ പണം കൈമാറുന്ന രീതിയാണ് യുപിഐ.
ഇത്തരത്തിൽ യുപിഐ അക്കൗണ്ട് രജിസ്റ്റർ ചെയ്തതായി സന്ദേശമെത്തിയതോടെയാണ് ഉപയോക്താക്കളും വിവരമറിഞ്ഞത്. ഇത് വലിയ വിവാദമായതോടെ, സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് സ്ഥാപകൻ രംഗത്തെത്തുകയായിരുന്നു.
സോഫ്റ്റ്വെയറിലെ സാങ്കേതികപിഴവായിരുന്നു കാരണമെന്നും എല്ലാവരുടെയും രജിസ്ട്രേഷൻ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആയിരക്കണക്കിന് ട്രൂകോളർ ഉപയോക്താക്കൾക്ക് ബാങ്കിൽ നിന്ന് ‘your registration for UPI app has started’ എന്ന സന്ദേശം എത്തിയത്. എന്നാൽ ഇവരാരും രജിസ്ട്രേഷന് ശ്രമിച്ചവരായിരുന്നില്ല. ഉപയോക്താവിന്റെ അറിവില്ലാതെ ബാങ്കിന് ട്രൂ കോളർ എൻക്രിപ്റ്റഡ് എസ്എംഎസ് അയച്ചതായിരുന്നു കാരണം.
നൂറുകണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ വിഷയം പോസ്റ്റ് ചെയ്തതോടെയാണ് നാമി പരസ്യമായി മാപ്പ് പറഞ്ഞത്. ഇന്ത്യയിൽ 15 കോടി ഉപയോക്താക്കളാണ് ഫോൺ നമ്പറുകൾ തിരിച്ചറിയാനുള്ള സംവിധാനമായ ട്രൂ കോളറിന് ഉള്ളത്.
Discussion about this post