മുംബൈ: ഹൃദ്രോഗിക്ക് മലേറിയക്കുള്ള ചികിത്സ നല്‍കി രോഗി മരിച്ച സംഭവത്തില്‍ 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. സന്‍പദ സ്വദേശി ദത്ത ശെര്‍ഖനെയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ സ്വാതി ശെര്‍ഖനെയ്ക്കാണ് ഈ തുക നല്‍കേണ്ടത് എന്നാണ് കമ്മീഷന്റെ ഉത്തരവ്. 2010 ല്‍ നടന്ന സംഭവത്തിലാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
ബിപിസിഎല്ലിലെ റിഫൈനറിയില്‍ ടെക്നീഷ്യനായിരുന്നു മരിച്ച ദത്ത. 2010 മെയ് 10 നാണ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വച്ചാണ് ദത്തയ്ക്ക് മലേറിയക്കുള്ള മരുന്ന് നല്‍കിയത്. ഇതിന് ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരയോടെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ഇസിജിയില്‍ ഗുരുതരമായ വ്യതിയാനം കണ്ടെത്തിയിട്ടും ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് നല്‍കിയത് മലേറിയയുടെ ചികിത്സയായിരുന്നു.
തുടര്‍ന്ന് പിറ്റേന്ന് രാത്രി 10.30 യോടെ ഇയാളെ ചെംബൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇയാളെ കൊണ്ടുപോവാനായി ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ഇവിടെ വെച്ച് 2ഡി എക്കോ ടെസ്റ്റ് നടത്താനോ, കാര്‍ഡിയോളജിസ്റ്റിനെ വിളിച്ചുവരുത്താനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതോടെ നില വഷളാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഹൃദ്രോഗ വിദഗ്ദ്ധനെ വിളിച്ച് രോഗിക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കുന്നതില്‍ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയും കുറ്റക്കാരാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. രണ്ട് ആശുപത്രികളും ഇവിടെയുള്ള ഡോക്ടര്‍മാരും അധികൃതരും തുല്യമായാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
Discussion about this post