ന്യൂഡല്‍ഹി: രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പൂര്‍ണ്ണമായും ഫാസ്ടാഗ് ട്രാക്കുകളാക്കാന് പോവുകയാണ്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഗതാഗതക്കുരുക്ക് കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് സംവിധാനം ഇല്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ ചില്ലില്‍ പതിപ്പിച്ചാല്‍ ആ ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തി നേരിട്ട് പണം ഈടാക്കുന്ന രീതിയാണ് ‘ഫാസ്ടാഗ്’.
രാജ്യത്ത് 2017 ഡിസംബര്‍ മുതല്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഇനി മുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളിലെ എല്ലാ ലെയ്നുകളും ഫാസ്ടാഗ് ലെയ്നുകളാക്കും. ഡിസംബര്‍ ഒന്നു മുതല്‍ തന്നെ പുതിയ സംവിധാനം നിലവില്‍ വരുമെന്നും വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന ട്രാക്കുകളില്‍ മാത്രമെ ഇനി തല്‍ക്കാലത്തേക്ക് ഫാസ്ടാഗിന് പുറമെ പണം നല്കി കടന്നു പോകാന്‍ അനുവദിക്കുകയുള്ളൂ എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ വഴി കടന്നുപോകണമെങ്കില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഇരട്ടിത്തുക അടയ്ക്കേണ്ടി വരുമെന്നും പുതിയ ഉത്തരവിലുണ്ട്. പുതിയ നിയമം ടോള്‍പ്ലാസകളില്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ഗതാഗതമന്ത്രാലയം ഇതിനോടകം കത്തയച്ചിട്ടുണ്ട്.
Discussion about this post