ബാരബങ്കി: സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ വന്ന യുപി പോലീസിനെ കുഴക്കി വിദ്യാര്‍ഥിനിയുടെ ചോദ്യം. ഉന്നാവോ സംഭവം മുന്‍നിര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുനിബ കീദ്വായിയാണ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ് ഗൗതമിനോട് ചോദ്യമുയര്‍ത്തിയത്.
‘നിങ്ങള്‍ പറയുന്നു ഞങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും പ്രതിഷേധിക്കണമെന്നും. ഒരു ബിജെപി എംഎല്‍എ പീഡിപ്പിച്ച പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതെന്താണെന്ന് നമുക്കറിയാം. ആ വാഹനാപകടം യാദൃശ്ചികമല്ല എന്നെല്ലാവര്‍ക്കും അറിയാം. ആ ട്രക്കിന്റെ നമ്പര്‍ കറുപ്പ് നിറം കൊണ്ട് മായ്ക്കപ്പെട്ടിരുന്നു. ഒരു സാധാരണക്കാരനാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ പ്രതിഷേധിക്കാമായിരുന്നു, എന്നാല്‍ ഒരു അധികാരസ്ഥാനത്തിരിക്കുന്ന ആളാകുമ്പോഴോ?’- പെണ്‍കുട്ടി ചോദിച്ചു.
‘ഞങ്ങള്‍ പ്രതിഷേധിച്ചാലും ഒരു നടപടിയും സ്വീകരിക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ക്കറിയാം, ഇനി നടപടിയെടുത്താലും ഒരു കാര്യവുമില്ലായെന്നും അറിയാം. ആ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ഞങ്ങള്‍ പ്രതിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ നീതി ഉറപ്പാക്കുമോ? എന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്കാകുമോ? എനിക്കൊന്നും സംഭവിക്കില്ലാ എന്നതിന് എന്താണ് ഉറപ്പ്?’- പെണ്‍കുട്ടി ചോദിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥന്റെ മുഖം വിളറി. എന്നാല്‍ വിദ്യാര്‍ഥിനി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ സഹപാഠികള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
Discussion about this post