ബംഗളൂരു: കഫേ കോഫി ഡേ എന്റര്‍പ്രൈസസിന്റെ ഇടക്കാല ചെയര്‍മാനായി സ്വതന്ത്ര ഡയറക്ടറായിരുന്ന എസ്‌വി രംഗനാഥനെ നിയമിച്ചു. ഉടമ വിജി സിദ്ദാര്‍ത്ഥയുടെ ആത്മഹത്യയെ തുടര്‍ന്ന് കഫേ കോഫി ഡേ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി നിതിന്‍ ബഗ്മാനെയും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും നിയമിച്ചിട്ടുണ്ട്.
നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോഫി ഡേ പ്രതിജ്ഞാബദ്ധമാണെന്നും ബോര്‍ഡ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കോഫിഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു എസ്‌വി രംഗനാഥ്. രാജ്യത്താകമാനമായി കേഫിഡേ ശൃംഖലക്ക് 1500ല്‍ പരം കോഫി ഷോപ്പുകളാണുള്ളത്.
കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വിജി സിദ്ധാര്‍ത്ഥയെ തിങ്കളാഴ്ചയാണ് നേത്രാവതി പുഴയില്‍ കാണാതായത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.