ന്യൂഡല്‍ഹി; തെരഞ്ഞെടുപ്പിലൂടെ ജയിച്ച് കോണ്‍ഗ്രസ് അധ്യക്ഷയായി പ്രിയങ്ക ഗാന്ധി വരണമെന്ന് ശശി തരൂര്‍ എംപി. വിവരാവകാശനിയമ ഭേദഗതിക്കെതിരെ പാര്‍ലമെന്റിനു പുറത്ത് ശക്തമായ പ്രക്ഷോഭം നടത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിനു നാഥനില്ലെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നാഥനില്ലാ കളരിയാണെന്ന നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രം നന്നായി മനസിലാക്കിതന്നെയാണ് എല്ലാം പറഞ്ഞതെന്ന് തരൂര്‍ വ്യക്തമാക്കി. നിലവില്‍ കോണ്‍ഗ്രസ് നാഥനില്ലാ കളരിയാണ്, അധ്യക്ഷ സ്ഥാനത്ത് പ്രിയങ്കാ ഗാന്ധി വന്നാല്‍ നല്ലതാണ് പക്ഷേ ജിതേന്ദ്ര പ്രസാദയെ പരാജയപ്പെടുത്തി സോണിയ ഗാന്ധി അധ്യക്ഷയായപോലെ തെരഞ്ഞെടുപ്പിലൂടെ ജയിച്ചുവരണമെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതാക്കള്‍ ധാരാളം ഉണ്ട് ,പക്ഷേ പ്രവര്‍ത്തിക്കുന്ന നേതൃത്വമില്ല. നിലവില്‍ പാര്‍ട്ടി പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പത്തുരൂപ ചെലവില്‍ ജനങ്ങളറിയുന്ന വിവരാവകാശനിയമത്തിനു കേന്ദ്രസര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടപ്പോള്‍ രാജ്യത്തൊരിടത്തും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. പാര്‍ട്ടിയില്‍ അധ്യക്ഷ സ്ഥാനത്ത് തീരുമാനം ആയില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭാവിയില്ല എന്ന് കരുതുന്നതവര്‍ വിട്ടുപോകുമെന്നും തരൂര്‍ കുറ്റപ്പെടുത്തി.