ന്യൂഡൽഹി: അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് എസ്എൻ ശുക്ലയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് അനുമതി നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. മെഡിക്കൽ കോഴക്കേസിലെ ആരോപണവിധേയനാണ് ജസ്റ്റിസ് ശുക്ല. അതേസമയം, അഴിമതിക്കേസിൽ ഇതാദ്യമായാണ് ഒരു സിറ്റിങ് ജസ്റ്റിസിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് സുപ്രീം കോടതി അനുമതി നൽകുന്നത്. സിറ്റിങ് ജസ്റ്റിസുമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നാണ് ചട്ടം. അതുകൊണ്ടു തന്നെ സംഭവത്തിൽ സിബിഐ സുപ്രീം കോടതിക്ക് അനുമതി തേടി കത്തയച്ചിരുന്നു.
എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിച്ചെന്നാണ് ശുക്ലയ്ക്കെതിരെയുള്ള ആരോപണം. സുപ്രീം കോടതിയുടെ ഉത്തരവുകളെ മറികടന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി പ്രവേശനത്തിനുള്ള സമയപരിധി നീട്ടി നൽകിയ സംഭവത്തിലാണ് സിബിഐ ശുക്ലയ്ക്കെതിരെ അന്വേഷണം നടത്തിയത്.
2017ൽ ശുക്ലയ്ക്കെതിരെ ആരോപണമുയർന്നപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിർദേശമനുസരിച്ച് അന്വേഷണം നടത്തിയ അന്വേഷണ സമിതി ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെങ്കിലും ശുക്ല വഴങ്ങിയില്ല. തുടർന്ന് 2018 മുതൽ ജുഡീഷ്യൽ ചുമതലകളിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു.