ലഖ്നൗ: കാറില്‍ ട്രക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ കേസിലെ പെണ്‍കുട്ടിയുടെ ചികിത്സാ ചിലവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കും. യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. പെണ്‍കുട്ടിയെ ദിനേശ് ശര്‍മ കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെത്തി സന്ദര്‍ശിച്ചു.
പെണ്‍കുട്ടിക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുക എന്നതിനാണ് ആദ്യ പരിഗണനയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐയും സംഭവം അന്വേഷിക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംഭവത്തില്‍ ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍, സഹോദരന് മനോജ് സേംഗര്‍ എന്നിവരടക്കം ഒന്‍പത് പേര്‍ക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തിട്ടുണ്ട്.
റായ്ബറേലിയില്‍വച്ച് ഞായറാഴ്ചയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു മരണപ്പെട്ടിരുന്നു.
സംഭവത്തില്‍ പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ച സാഹചര്യത്തിലാണ് സേംഗര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
Discussion about this post