ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി. 84ന് എതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം നേരത്തെ രാജ്യസഭ തള്ളിയിരുന്നു. 85നെതിരെ 100 വോട്ടുകളുടെ പിന്തുണയോടെയാണ് പ്രമേയം തള്ളിയത്.
മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പ്രമേയവും സഭ തള്ളുകയുണ്ടായി. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതാണ് മുത്തലാഖ് ബില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.
ബില്ലിനെ എതിര്‍ത്ത ജെഡിയു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖ് ബില്ലിനെ എതിര്‍ത്ത എഐഡിഎംകെ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍, ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.
മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട്
സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.