ന്യൂഡല്‍ഹി: സിനിമകളില്‍ ഒരു നമ്പര്‍ കണ്ടാല്‍, അത് ഒരു പെണ്ണിന്റെ ആണെന്ന് കണ്ടാല്‍ പിന്നെ ആ നമ്പര്‍ മനപാഠം ആക്കി വിളിച്ച് ശല്യം ചെയ്യുന്നവര്‍ അനവധിയാണ്. രാവും പകലുമില്ലാതെ വിളിച്ചു കൊണ്ടേയിരിക്കും. ഇപ്പോള്‍ അത്തരത്തില്‍ ഒരു വിളിയാണ് ഡല്‍ഹിയിലെ ഒരു യുവാവിന്റെ ഫോണിലേയ്ക്ക് വരുന്നത്. അത് പെണ്ണ് ആണെന്ന് കരുതി തന്നെയാണ് വിളിക്കുന്നത്. പക്ഷേ ആ പെണ്ണ് മറ്റാരുമല്ല, ഏവരുടെയും പ്രിയങ്കരി സണ്ണി ലിയോണ്‍ ആണ്.
സണ്ണി ലിയോണിന്റെ നമ്പര്‍ ആണോ എന്ന് ചോദിച്ച് ദിനവും 500 കോളുകള്‍ എങ്കിലും വരുമെന്ന് ഇയാള്‍ പറയുന്നു. രാപകല്‍ വ്യത്യാസമില്ലാതെയാണ് കോളുകള്‍ വരുന്നതെന്ന് യുവാവ് പറയുന്നു. സണ്ണിയോട് സംസാരിക്കണം എന്ന് പറയുന്നതിനു പുറമെ ചിലര്‍ അശ്ലീലത കലര്‍ത്തിയും സംസാരിക്കുന്നുവെന്ന് യുവാവ് പറയുന്നു. സംഭവത്തില്‍ ഗതികെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ് യുവാവ്. യുവാവിന്റെ ഈ അവസ്ഥയ്ക്ക് കാരണം മറ്റാരുമല്ല, അര്‍ജുന്‍ പട്യാലയാണ്.
ദില്‍ജിത് ദോസാന്‍ജ് നായകനായ അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു സീനില്‍ നായകന്‍ കുറിക്കുന്ന ഫോണ്‍ നമ്പര്‍ ആണ് എട്ടിന്റെ പണി യുവാവിന് കൊടുത്തത്. അത് ഇയാളുടെ നമ്പര്‍ ആയിരുന്നു. ഇതോടെയാണ് ഫോണ്‍ കാരണം യുവാവിന് സ്വസ്ഥത നഷ്ടപ്പെട്ടത്. ഡല്‍ഹിയിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം. തന്നോട് അനുവാദം വാങ്ങാതെയാണ് ഈ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു. വേണ്ടി വന്നാല്‍ കോടതിയില്‍ പോകാനും തയാര്‍ ആണെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു.