ന്യൂഡൽഹി: മുത്തലാഖ് ബിൽ മൂന്നാം തവണ കടമ്പ കടക്കുമോ എന്ന് ഇന്നറിയാം. എൻഡിഎ സർക്കാർ അഭിമാന പ്രശ്‌നമായി കണക്കാക്കുന്ന ബില്ല് പാസാക്കിയെടുക്കാൻ അനുകൂലിക്കുമെന്ന് ബിജു ജനതാദൾ എൻഡിഎക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വോട്ടെടുപ്പിൽ നിന്ന് അണ്ണാ ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും വിട്ടുനിൽക്കും. ഒപ്പം എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവും ബില്ലിനെ എതിർക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കാട്ടി ബിജെപിയും ബിജെഡിയും എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ബില്ല് പാസ്സാക്കി എടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം അമിത് ഷായുടെ അധ്യക്ഷതയിൽ ചേരുകയും ചെയ്തു.
അതേസമയം, ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വീണ്ടും ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം. നേരത്തേ ലോക്‌സഭയിൽ സമാനമായ ആവശ്യം കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഉയർത്തിയിരുന്നു. ലോക്‌സഭയിൽ നേരത്തെ പാസായ മുത്തലാഖ് ബിൽ ഇത് മൂന്നാം തവണയാണ് രാജ്യസഭയുടെ പരിഗണനയിൽ വരുന്നത്.
മുസ്ലീം സമുദായത്തിൽ ഭാര്യയുമായി വിവാഹമോചനം നേടാൻ ഭർത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാൽ മതിയെന്ന ചട്ടത്തിനെതിരാണ് ബില്ല്. മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭർത്താക്കൻമാർക്ക് ജയിൽ ശിക്ഷ നൽകാനുള്ള ചട്ടങ്ങൾ ബില്ലിലുണ്ട്.
മുത്തലാഖ് നിരോധിക്കുന്ന ബില്ല്, ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നാണ് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്.
എന്നാൽ, മുസ്ലീം പുരുഷൻമാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് പോലീസും മറ്റ് ഏജൻസികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാർ മുസ്ലിം സമുദായത്തിൽ മാത്രമല്ല, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷൻമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണെന്നും മുസ്ലിം പുരുഷൻമാർക്കെതിരെ മാത്രം ക്രിമിനൽ നടപടി ശുപാർശ ചെയ്യുന്ന ബില്ല് എൻഡിഎ പാസാക്കാൻ ധൃതി പിടിച്ച് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.