മേട്ടുപ്പാളയം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശിച്ചതിന്റെ പേരില്‍ സിനിമ പിന്നണി ഗായക ദമ്പതിമാര്‍ക്ക് അപ്രഖ്യാപിത വിലക്ക്. ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് ഗായക ദമ്പതികളെ വിലക്കിയത്. വിജയ് ടിവി സ്റ്റാര്‍ സിംഗര്‍ ജേതാവും സിനിമാ പിന്നണിഗായകനും നാടന്‍പാട്ട് കലാകാരനുമായ ശെന്തിലിനെയും ഗായികയും ഭാര്യയുമായ രാജലക്ഷ്മിയെയുമാണ് വിലക്കിയത്.
തിങ്കളാഴ്ച രാത്രി മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നടക്കേണ്ടിയിരുന്ന ലക്ഷ്മണ്‍ ശ്രുതി ഓര്‍ക്കസ്ട്രയുടെ ഗാനമേളയില്‍ പങ്കെടുത്താല്‍ ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഹിന്ദുമുന്നണി നേതാക്കള്‍ ക്ഷേത്രത്തിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ മോഡിക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ദമ്പതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതിനിടയില്‍ മേട്ടുപ്പാളയത്ത് പരിപാടി അവതരിപ്പിക്കാനെത്തിയ ഇവര്‍ക്കെതിരേ ഹിന്ദുമുന്നണി നേതാക്കള്‍ ക്ഷേത്രത്തിലെത്തി പരാതി ഉന്നയിച്ചു. നീണ്ട ആലോചനകള്‍ക്കുശേഷം സംഘര്‍ഷമൊഴിവാക്കാന്‍ ക്ഷേത്രം അധികൃതര്‍ ഇവരോട് പാടാനെത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ശേഷം ഇരുവരും മടങ്ങുകയാണെന്ന് അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസും ഇടപ്പെട്ടു. ഇവരെ വെച്ചുതന്നെ ഗാനമേള നടത്താമെന്നും സുരക്ഷ ഒരുക്കാമെന്നും അറിയിച്ചു. സംഘര്‍ഷത്തിന് ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. ഇതോടെ പരിപാടി നടക്കുമെന്ന് തീരുമാനമായി. നൂറോളം ഗാനമേള ട്രൂപ്പുകാരാണ് പരിപാടി അവതരിപ്പിക്കാനായി ക്ഷേത്രത്തില്‍ കാത്തിരിക്കുന്നത്.
Discussion about this post