ന്യൂഡൽഹി: സർക്കാരില്ലാതെ ഒരു വർഷമായി ഗവർണർ-രാഷ്ട്രപതി ഭരണം നടക്കുന്ന ജമ്മു കാശ്മീരിൽ ഈ വർഷം ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടന്നേക്കും. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് ഒപ്പമായിരിക്കും കാശ്മീരിലെ തെരഞ്ഞെടുപ്പും നടക്കുക. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാർത്ത നൽകിയത്.
ഭരണകക്ഷിയായ പിഡിപിക്കുള്ള പിന്തുണ ബിജെപി പിൻവലിച്ചതോടെയാണ് മെഹ്ബൂബ മുഫ്തിയുടെ സർക്കാർ വീണത്. തുടർന്ന് ആറുമാസത്തെ ഗവർണർ ഭരണത്തിന് ശേഷം കഴിഞ്ഞവർഷം ജൂൺ 20-നാണ് കാശ്മീരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും പിന്തുണയോടെ പിഡിപി സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചതോടെ നവംബർ 21-നാണ് 87 അംഗ നിയമസഭ ഗവർണർ സത്യപാൽ മാലിക്ക് പിരിച്ചുവിട്ടത്.
അതേസമയം, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപി കേന്ദ്ര നേതൃത്വം കാശ്മീരിലെ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. അടുത്തമാസം അവസാനിക്കുന്ന അമർനാഥ് തീർഥാടനത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
Discussion about this post