ന്യൂഡൽഹി: രാജ്യത്ത് 3000ത്തോളം കടുവകൾ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2018ലെ കടുവ സെൻസസ് പ്രകാരം രാജ്യത്ത് 2,967 കടുവകളാണുള്ളത്. ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ റിപ്പോർട്ട്-2018 പുറത്തുവിട്ടുകൊണ്ട് ഡൽഹിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര കടുവ ദിനത്തിലാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.
രാജ്യം കടുവ സൗഹാർദ രാഷ്ട്രമായി മാറുന്നു എന്നതിന്റെ സൂചനയാണ് ഉയർന്ന കടുവകളുടെ എണ്ണം സൂചിപ്പിക്കുന്നത്. കടുവ സെൻസസ് റിപ്പോർട്ട് എല്ലാ ഇന്ത്യക്കാരേയും സന്തോഷിപ്പിക്കാൻ പോന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 9 വർഷം മുമ്പ് 2022 ആകുമ്പോഴേക്കും കടുവകളുടെ എണ്ണം ഇരട്ടിയാക്കണമെന്ന തീരുമാനം സെന്റ്പീറ്റേഴ്‌സ് ബർഗിലാണ് കൈക്കൊണ്ടത്. എന്നാൽ അതിന് നാല് വർഷം മുമ്പ് തന്നെ നമ്മൾ ഈ നേട്ടം കൈവരിച്ചു. അഭിമാനത്തോടെ പറയാനാകും ഇന്ത്യയിൽ 3000ത്തോളം കടുവകളുണ്ടെന്ന്. ലോകത്തെ തന്നെ ഏറ്റവും വലുതും കടുവ സൗഹാർദവുമായ രാജ്യമായി ഇന്ത്യമാറിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ആരോഗ്യകരവും സന്തുലിതവുമായ വികസനവും പ്രകൃതി സംരക്ഷണവുമാണ് രാജ്യത്തിന്റെ ലക്ഷ്യം. സംരക്ഷണത്തെ കുറിച്ചായിരിക്കണം വരും കാലത്തെ ചർച്ചയെന്നും അദ്ദേഹം വിശദമാക്കി. രാജ്യത്തെ പൗരന്മാർക്ക് വീടൊരുക്കുന്നതിനൊപ്പം സുരക്ഷിതമായ ആവാസവ്യവസ്ഥ മൃഗങ്ങൾക്കും ഒരുക്കി നൽകും. കൂടുതൽ റോഡ് പണിയുന്നതിനോടൊപ്പം കൂടുതൽ നദികളും വൃത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post