ന്യൂഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വീടുകളിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ 200 കോടി രൂപയുടെ അനധികൃത വിദേശ സ്വത്തുക്കളുടെ വിവരം ആദായ വകുപ്പ് അധികൃതര്‍ക്ക് ലഭിച്ചു. ജൂലായ് 23 മുതല്‍ നാലുദിവസങ്ങളിലായി ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 13 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ നിരവധി സ്വത്തുക്കളാണ് ബിഷ്ണോയിയും കുടുംബാംഗങ്ങളും വാങ്ങിച്ചിരിക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, പാനമ, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റുകളുടെയും കമ്പനികളുടെയും പേരിലാണ് അനധികൃത സ്വത്തുക്കള്‍ ഇയാള്‍ വാങ്ങിക്കൂട്ടിയത്. ബിഷ്ണോയിയുടെ കുടുംബത്തിലെ ഒരാള്‍ കരീബിയന്‍ രാജ്യങ്ങളിലൊന്നില്‍ പൗരത്വത്തിന് ശ്രമിച്ചതിന്റെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഏകദേശം 30 കോടിയുടെ നികുതിവെട്ടിപ്പാണ് ബിഷ്ണോയിയും കുടുംബാംഗങ്ങളും നടത്തിയിട്ടുള്ളത് എന്നാണ് ആദായ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവര്‍ക്കെതിരെ കള്ളപ്പണ നിയമപ്രകാരവും ആദായനികുതി നിയമപ്രകാരവും കേസെടുത്തതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം ബിഷ്ണോയിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. രാഷ്ട്രീയ എതിരാളികളെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപിച്ചിരിക്കുന്നത്.
Discussion about this post