വാടകക്കാരുമായി പങ്കുവെച്ച ഇരുമുറി വീട്ടില്‍ തറയില്‍ കിടന്നുറങ്ങിയ കുട്ടിക്കാലം; തെരുവിലെ കളികളും പഠനവുമായി മുന്നോട്ട്; ഒടുവില്‍ ആഗോള ടെക്ക് ഭീമന്‍ ഗൂഗിളിന്റെ തലപ്പത്ത്; സുന്ദര്‍ പിച്ചൈയുടെ പ്രചോദനകരമായ ജീവിതമിങ്ങനെ…

സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയില്‍ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്.

ന്യൂഡല്‍ഹി: തീര്‍ത്തും ലളിതവും സാധാരണവുമായിരുന്ന ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ടെക് ഭീമന്‍ ഗൂഗിളിന്റെ തലപ്പത്തേക്ക് നടന്നുകയറിയ കഥയാണ് സുന്ദര്‍ പിച്ചൈയെന്ന തമിഴ്‌നാട് സ്വദേശിക്ക് പറയാനുള്ളത്. സാധാരണ ഒരു തമിഴ് ഗ്രാമത്തിലെ തനതായ രീതിയില്‍ പഠിച്ചുവളര്‍ന്ന കുട്ടിക്കാലമായിരുന്നു സുന്ദര്‍ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജന് പറയാനുള്ളത്.

‘അന്നത്തെ എന്റെ ജീവിതം തീര്‍ത്തും ലളിതമായിരുന്നു, ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുഖകരവും. വാടകക്കാരുമായി പങ്കുവച്ച സാധാരണ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. സ്വീകരണ റൂമിന്റെ തറയില്‍ ഞങ്ങള്‍ കിടന്നുറങ്ങുമായിരുന്നു. ഞാന്‍ വളര്‍ന്നു വന്ന സമയത്ത് വരള്‍ച്ച പതിവായിരുന്നു. അതു സമ്മാനിച്ച ആശങ്കകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു. ഇന്നും കിടക്കക്കരികെ ഒരു കുപ്പി വെള്ളമില്ലാതെ എനിക്ക് ഉറങ്ങാനാകില്ല. സമീപത്തെ മറ്റു വീടുകളിലെല്ലാം ഫ്രിഡ്ജ് ഉണ്ടായിരുന്നു. അവസാനം ഞങ്ങള്‍ക്കും സ്വന്തമായി ഒരു ഫ്രിഡ്ജായി. അന്നത് വലിയൊരു കാര്യമായിരുന്നു.

പക്ഷേ, എനിക്ക് വായിക്കാന്‍ ഒരുപാട് സമയം കിട്ടിയിരുന്നു. ഞാന്‍ ഒരുപാട് പഠിച്ചിരുന്നു. കയ്യില്‍ കിട്ടിയ എന്തും അന്നു വായിക്കുമായിരുന്നു. ഡിക്കന്‍സിനെയൊക്കെ വായിച്ചത് ആ സമയത്തായിരുന്നു. സുഹൃത്തുക്കള്‍, തെരുവിലെ ക്രിക്കറ്റ് കളി, വായന – ഇതായിരുന്നു അന്നത്തെ ജീവിതം. ഒരിക്കലും ഒരു കുറവോ നഷ്ടബോധമോ തോന്നിയിരുന്നില്ല.’ ന്യൂയോര്‍ക്ക് ടൈംസ് ലേഖകനോട് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്റെ ആദ്യകാലത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.

ജീവിതത്തില്‍ വിജയം തേടുന്നവര്‍ക്ക് പ്രചോദനകരമായ ജീവിതമാണ് സുന്ദര്‍ പിച്ചൈ മുന്നോട്ട് വെയ്ക്കുന്നത്. സാധാരണ കുടുംബത്തില്‍ വളര്‍ന്ന പിച്ചൈ ഇന്ന് ഇന്ത്യക്കാരായ കോടീശ്വരന്മാരുടെ പട്ടികയിലെ മുന്‍നിരയിലാണ്.

അമേരിക്കയില്‍ ടെക്‌നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പിച്ചൈ. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുന്‍പ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്കാരന്‍.

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നാണ് അദ്ദേഹം ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. തന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു ആ പദവി.

വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദര്‍ പിച്ചൈ ജനിക്കുന്നത്. രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയില്‍ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്‌കൂളിന്റെ ക്രിക്കറ്റു നായകനായിരുന്ന പിച്ചൈ സ്‌കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്‌കൂള്‍ കാലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം ഖൊരഖ്പൂറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐറ്റി) -യില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു പിച്ചൈ.

ടെക് വിദഗ്ധരെ സൃഷ്ടിക്കുന്നതില്‍ പ്രമുഖരായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പിച്ചൈ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. പെല്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയുടെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗൂഗിളില്‍ ചേരുന്നതിനു മുന്‍പ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയല്‍ കമ്പനിയില്‍ എഞ്ചിനീയറായും, മകെന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയും പിച്ചൈ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2004-ലാണ് പിച്ചൈ ഗൂഗിളില്‍ എത്തുന്നത്. 2008-ല്‍ ക്രോം ബ്രൗസര്‍, ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിള്‍ ക്രോം വന്‍ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടൂള്‍ബാര്‍, ഡെസ്‌ക്ടോപ് സെര്‍ച്, ഗാഡ്‌ജെറ്റ്‌സ്, ഗൂഗിള്‍ ഗിയേഴ്‌സ് ആന്‍ഡ് ഗാഡ്‌ജെറ്റ്‌സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മാപ്‌സ് എന്നിവ വികസിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോര്‍മാറ്റ് രൂപകല്‍പന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

2013 മാര്‍ച്ച് 13-ന് ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ചേര്‍ക്കപ്പെട്ടപ്പോള്‍ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2014-ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആകുവാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ഉയര്‍ന്നു കേട്ട പ്രധാന പേരിലൊരാളും പിച്ചൈ ആയിരുന്നു.

Exit mobile version