ലഖ്നൗ: പശുക്കള്‍ ഹിന്ദുക്കളാണെന്നും, ചത്താല്‍ കുഴിച്ചിടരുതെന്നുള്ള പുതിയ ആവശ്യവുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ ബിജെപി നേതാവ് രഞ്ജിക് ശ്രീവാസ്തവയാണ് വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്. കുഴിച്ചിടുന്നത് മുസ്ലീം ആചാരമാണെന്നും ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
പശുക്കള്‍ ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലീം ആചാരമാണ്, പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണം. ഇതിനായി വൈദ്യുതി ശ്മശാനം തയ്യാറാക്കണമെന്നും രഞ്ജിത് ശ്രീവാസ്തവ പറയുന്നു. പശുക്കള്‍ ചത്താല്‍ നിര്‍ബന്ധമായും ഹിന്ദു ആചാരപ്രകാരമായിരിക്കണം സംസ്കരിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.
പശുക്കള്‍ക്കായുള്ള വൈദ്യുത ശ്മശാനം നിര്‍മ്മിക്കാനുള്ള അനുമതി ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം ചേര്‍ന്ന മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗത്തിലായിരുന്നു നിലവിലെ നഗരസഭാധ്യക്ഷയുടെ ഭര്‍ത്താവ് കൂടിയായ രഞ്ജിത് ശ്രീവാസ്തവ ഇക്കാര്യം അവതരിപ്പിച്ചത്.
Discussion about this post