ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തിപ്രാപിക്കുന്നു. അതീവ ജാഗ്രതാ നിര്‍ദേശമാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്. ഈ മാസം 14 ന് അര്‍ധരാത്രിയില്‍ തമിഴ്നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കരൈക്കലിനും കുഡലൂരിനും ഇടയ്ക്ക് എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ‘ഗജ’ എന്നാണ് ഈ ന്യൂനമര്‍ദ്ദത്തിന് ശ്രീലങ്ക പേര് നല്‍കിയിരിക്കുന്നത്.
കനത്ത മഴയോടൊപ്പം ഗജ 100 കിലോമീറ്റര്‍ വേഗതയില്‍ വീശുമെന്നാണ് അറിയിപ്പ്. അതോടൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയോടെ ശക്തമാകുന്ന ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറ് വഴി വടക്കന്‍ തമിഴ്‌നാടിന്റെയും തെക്കന്‍ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടക്കും.
പിന്നീട് തമിഴ്‌നാട് കുഡലൂര്‍ ഭാഗത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തി കുറയുകയും ആന്ധ്രയിലെ വിശാഖപട്ടണത്ത് എത്തുമ്പോഴേക്കും തീരെയില്ലാവാവുകയും ചെയ്യുമെന്ന് കലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post