ന്യൂഡല്‍ഹി; കര്‍ണാടകയില്‍ പതിനാല് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടിക്ക് എതിരെ എംഎല്‍എമാര്‍ സുപ്രീംകോടതിയിലേക്ക്. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎല്‍എമാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. നേരത്തെ അയോഗ്യരാക്കപ്പെട്ട മൂന്ന് എംഎല്‍എമാരും തിങ്കളാഴ്ച കോടതിയെ സമീപിക്കും.
കര്‍ണാടകയില്‍ പതിനാല് വിമത എംഎല്‍എമാരെയും സ്പീക്കര്‍ രമേശ് കുമാര്‍ ഇന്നാണ് അയോഗ്യരാക്കിയത്. പതിനൊന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാരെയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്.
ബൈരതി ബസവരാജ് (കോണ്‍ഗ്രസ്), മുനീരത്ന (കോണ്‍ഗ്രസ്), എസ്ടി സോമശേഖര്‍ (കോണ്‍ഗ്രസ്), റോഷന് ബെയ്ഗ് (കോണ്‍ഗ്രസ്), ആനന്ദ് സിംഗ് (കോണ്‍ഗ്രസ്), കെ ഗോപാലയ്യ (ജെഡിഎസ്), നാരായണ ഗൗഡ (ജെഡിഎസ്), എംടിബി നാഗരാജ് (കോണ്‍ഗ്രസ്), ബിസി പാട്ടീല്‍ (കോണ്‍ഗ്രസ്), എ എച്ച് വിശ്വനാഥ് (ജെഡിഎസ്), പ്രതാപ് ഗൗഡ പാട്ടീല്‍ (കോണ്‍ഗ്രസ്), ഡോ. സുധാകര്‍ (കോണ്‍ഗ്രസ്), ശിവറാം ഹെബ്ബര്‍ (കോണ്‍ഗ്രസ്), ശ്രീമന്ത് പാട്ടീല്‍ (കോണ്‍ഗ്രസ്) എന്നിവരെയാണ് അയോഗ്യരാക്കിയത്.
പത്ത് കോണ്‍ഗ്രസ് വിമതര്‍ക്ക് എതിരെയും മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ക്ക് എതിരെയും ഇവരെ കൂടാതെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന സീമന്ത് പാട്ടീലിന് എതിരെയുമാണ് നടപടി സ്വീകരിച്ചത്. കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എമാരുടെ കാര്യത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനമെടുത്തത്.
നേരത്തെ കാല്മാറിയ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കെപിജെപി എംഎല്‍എ ആര് ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 2023 മെയ് 23 വരെയാണ് അയോഗ്യരാക്കിയത്.
Discussion about this post