ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ഓഫീസുകളിൽ നിന്നും സംഘപരിവാർ ആശയങ്ങളുമായി ബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യുകയോ സുപ്രധാന പദവികളിൽ നിന്നും ഒഴിവാക്കുകയോ ആയിരിക്കും അശോക് ഗെഹ്ലോട്ട് സർക്കാർ ചെയ്യുക. ആർഎസ്എസ്-ബിജെപി പ്രവർത്തകരായ ഉദ്യോഗസ്ഥരുടെ നിസഹകരണം ഭരണത്തെ സാരമായി ബാധിക്കുന്നെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഈ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചത്.
ബിജെപി സർക്കാരിന്റെ കാലത്ത് സുപ്രധാന പദവികളിൽ നിയമിച്ച ആർഎസ്എസ് അനുഭാവമുള്ള ഉന്നത ഉദ്യോഗസ്ഥരെയായിരിക്കും സ്ഥലംമാറ്റുക. ഇതിന്റെ ഭാഗമായി ആർഎസ്എസ് അംഗങ്ങളായ ഉദ്യോഗസ്ഥർക്ക് വിപ്പ് നൽകും. നിസഹകരണം പ്രഖ്യാപിച്ച ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎമാരും പ്രദേശ് കോൺഗ്രസ് ഭാരവാഹികളും രംഗത്തെത്തിയത് ശ്രദ്ധിക്കേണ്ടതാണെന്നും പാർട്ടിയുടെയും സർക്കാരിന്റെയും നയങ്ങൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ നീക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
നേരത്തെ പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് വേളയിൽ ആർഎസ്എസ് ആദർശമുള്ള ഉദ്യോഗസ്ഥരെ മാറ്റിനിർത്തണമെന്ന് നിരവധി കോൺഗ്രസ് നേതാക്കളും എംഎൽഎമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post