ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളിയിലെ അക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ ഹര്‍ജി. രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ഉയര്‍ത്തിയിരിക്കുന്ന ആവശ്യം. ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സുധീര്‍ കുമാര്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്റെ ഏകത്വം തകര്‍ക്കുക, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സുധീര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് പ്രമുഖര്‍ എഴുതിയ കത്തെന്നാണ് സുധീര്‍ കുമാറിന്റെ വാദം. പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ ഭരണത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമിടുന്നത്. വിഘടനവാദത്തെ പിന്തുണയ്ക്കുകയാണ് കത്തെഴുതിയ പ്രമുഖരെന്നും സുധീര്‍ ആരോപിക്കുന്നുണ്ട്.
ചലച്ചിത്ര, സാമൂഹിക പ്രവര്‍ത്തകരാണ് ജയ് ശ്രീറാം വിളിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാനും ആശങ്കയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയത്. കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ പല ബിജെപി നേതാക്കളും ഭീഷണി ഉയര്‍ത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജിയും സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post