ബിലാസ്പുര്‍: പിഎസ്‌സി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ് ദമ്പതികളായ അനുഭവ് സിങും വിഭ സിങും. ബിലാസ്പുര്‍ സ്വദേശികളാണ് ഇവര്‍. പിഎസ്‌സി പഠനപരിശീലനത്തിനിടെയാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. ശേഷം സുഹൃത്തുക്കളായി, പ്രണയിതാക്കളായി പിന്നീട് വിവാഹിതരുമായി. വിവാഹശേഷവും ഇരുവരും വാശിയോടെ തന്നെ പിഎസ്‌സി പഠനം തകൃതിയായി കൊണ്ടുപോയി. ആ ശ്രമത്തിന്റെ ഫലമാണ് ഇന്ന് ഒന്നും രണ്ടും റാങ്കുകള്‍ ഇവര്‍ക്ക് സ്വന്തമായത്. പിഎസ്‌സി പഠനം അവര്‍ക്ക് കുടുംബകാര്യം തന്നെയായിരുന്നു.
ഛത്തീസ്ഗഢ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ പരീക്ഷയിലാണ് ഇരുവരും റാങ്ക് സ്വന്തമാക്കിയത്. ഭര്‍ത്താവ് ഒന്നാം റാങ്ക് നേടിയപ്പോള്‍ ഭാര്യ രണ്ടാം റാങ്കാണ് സ്വന്തമാക്കിയത്. മെയ് അഞ്ചിന് നടത്തിയ എഴുത്തു പരീക്ഷയ്ക്കും ജൂലൈ രണ്ടാം വാരം നടത്തിയ അഭിമുഖത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
ഇത് ആദ്യമായല്ല ഇരുവരും പിഎസ്‌സി പരീക്ഷയില്‍ മികച്ച വിജയം നേടുന്നത്. പഞ്ചായത്ത് വികസന വകുപ്പില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ തസ്തികയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ജോലി ചെയ്തുവരികയാണ് വിഭ. അനുഭവ് സിങും വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളുടെ റാങ്ക് പട്ടികയില്‍ ഇടംനേടിയിട്ടുള്ളതാണ്. കൂടുതല്‍ മികച്ച ജോലിക്കായാണ് ഇരുവരും ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ പരീക്ഷ എഴുതിയത്. ഇതില്‍ ഇവര്‍ക്ക് നേട്ടം തന്നെയാണ് ലഭിച്ചതും. പരിശ്രമത്തിന് അതിന്റേതായ ഫലവും ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.
Discussion about this post