ബിജ്‌നോർ: പശുവിനെ അറുത്തെന്ന് ആരോപിച്ച് ബിഎസ്പി നേതാവിന്റെ ഫാമിൽ നിന്നും അഞ്ചുപേരെ ഉത്തർപ്രദേശ് പോലിസ് അറസ്റ്റു ചെയ്തു. ബിഎസ്പി നേതാവ് രുചി വീരയുടെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്നാണ് ആറുപേരെ അറസ്റ്റു ചെയ്തത്.
സംഭവത്തിൽ ജാകരി ബങ്കാറിൽ നിന്നുള്ള ഷകു, നാൻഹേയ്,സാഹിദ്, യൂസഫ്, സുബേർ എ ന്നിങ്ങനെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 13 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എട്ട് പേരെ ഇനി യും കണ്ടെത്താനുണ്ട്. സംഭവത്തിൽ ബിഎസ്പി നേതാവിന്റെ പങ്കും പോലീസ് അന്വേഷിക്കും. സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയിൽ ഫാം ഹൗസിൽ റെയ്ഡ് നടത്തിയ പോലീസ് 2 ക്വിന്റൽ മാംസവും പിടിച്ചെടുത്തിട്ടുണ്ടെന്ന് സിറ്റി എസ്പി അറിയിച്ചു. ഫാം ഹൗസ് ഉടമയ്‌ക്കെതിരേയും അന്വേഷണം നടക്കുകയാണ്. അവരുടെ പങ്ക് തെളിയിക്കപ്പെട്ടാൽ അവർക്കെതിരേയും ആക്ഷൻ എടുക്കുമെന്നും അറസ്റ്റ് ചെയ്തവരെ ജയിലിലേക്ക് മാറ്റിയെന്നും എസ്പി ലക്ഷ്മി നിവാസ് മിശ്ര അറിയിച്ചു.
ബഗവാല ഔട്ട്പോസ്റ്റിനു സമീപത്തെ ഫാമിൽ പശുവിനെ അറക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ അർധരാത്രിയിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. എസ്പി എംഎൽഎയായിരുന്ന രുചി വീര ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടി വിട്ട് ബിഎസ്പിയിലെത്തി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, പശുവിനെ അറുത്തതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രദേശത്ത് തങ്ങൾക്ക് കൃഷി സ്ഥലമുള്ളത് സത്യമാണെന്നും രുചി വീരയുടെ ഭർത്താവും ജില്ലാ പഞ്ചായത്ത് ബോർഡ് മുൻ ചെയർമാനുമായ ഉദയൻ വീര പറഞ്ഞു.