പൂണെ: രാജ്യ ചരിത്രത്തിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ പുതു ജീവന്‍ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് 31നുണ്ടായ കാര്‍ അപകടത്തിലാണ് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. അപ്പോള്‍ തന്നെ രണ്ട് പ്രധാന ശസ്ത്രക്രിയകളും നടത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ തലയോട്ടിക്കുണ്ടായ പൊട്ടലില്‍ അസ്ഥി വീണ്ടെടുക്കാനാവാത്ത വിധം നശിച്ചിരുന്നു.
പൊട്ടല്‍ വീണ ഭാഗത്ത് കൂടി തലച്ചോറില്‍ നിന്നുള്ള ദ്രാവകം ഉള്ളില്‍ തന്നെ പടരുന്ന അവസ്ഥയുമുണ്ടായി. ഇതിന് പരിഹാരമായി തലയോട്ടി മാറ്റിവയ്ക്കല്‍ മാത്രമാണ് പോംവഴിയുണ്ടായിരുന്നത്. യുഎസില്‍ പ്രത്യേകമായി നിര്‍മ്മിച്ച പോളിഎഥിലിന്‍ അസ്ഥി ഉപയോഗിച്ചാണ് കുട്ടിയുടെ തലയോട്ടിയുടെ 60 ശതമാനവും മാറ്റി വെച്ചത്. പൂണെയിലെ ഭാരതി ആശുപത്രിയില്‍ ഡോ. വിശാല്‍ റോഖാഡേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
എന്നാല്‍ കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും ആശുപത്രി വിട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തലയോട്ടിയിലുണ്ടായിരുന്ന വിള്ളല്‍ മൂലം കുഞ്ഞിന് മാനസികമായും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ശസ്ത്രക്രിയ വിജയമായത് രാജ്യത്തെ ആരോഗ്യ രംഗത്ത് തന്നെ നാഴികകല്ല് സൃഷ്ടിച്ചിരിക്കുകയാണ്.
Discussion about this post