ഹൈദരാബാദ്: വൈറസുപോലെ പടർന്നു പിടിക്കുന്ന ടിക് ടോക്ക് ഭ്രമത്തിന് മറ്റൊരു ഉദാഹരണമായി ഹൈദരാബാദിൽ നിന്നുള്ള വീഡിയോ. ആശുപത്രിക്കകത്ത് വെച്ച് ആടിയും പാടിയും റൊമാന്റിക് വീഡിയോകൾ അനുകരിച്ചും ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത് രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ. സംഭവം വിവാദമായതോടെ വിദ്യാർത്ഥികൾക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന.
ഹൈദരാബാദിലെ സർക്കാർ ആശുപത്രിയായ ഗാന്ധി ആശുപത്രിക്ക് അകത്തുവെച്ചാണ് മെഡിക്കൽ വിദ്യാർത്ഥികൾ വീഡിയോ എടുത്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മെഡിക്കൽ കോട്ട് ഉൾപ്പടെയുള്ള വസ്ത്രത്തിൽ വിദ്യാർത്ഥികൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ട് ഉണ്ടെന്നും വീഡിയോയിലുള്ളത് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളല്ലെന്നും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ രമേഷ് റെഡ്ഡി പ്രതികരിച്ചു. ഈ വിദ്യാർത്ഥികൾ സ്വകാര്യഫിസിയോ തെറാപ്പി കോളേജിൽ നിന്നും പരിശീലനത്തിനായി എത്തിയവരാണെന്നും സ്വകാര്യ കോളേജുകളിൽ നിന്നും സർക്കാർ കോളേജിലേക്ക് ട്രെയിനിങിന് എത്തുന്നത് പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
”വിദ്യാർത്ഥികളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാകുന്നതല്ല. ഏത് ആശുപത്രിയിലാണെങ്കിലും ഇത്തരത്തിലുള്ള അശ്രദ്ധമായ പെരുമാറ്റം അസഹനീയമാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജുമായി ബന്ധപ്പെട്ട എല്ലാ അഫിലിയേഷൻ പ്രവർത്തനങ്ങളും റദ്ദാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.” കോളേജിന് ഷോകോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റെഡ്ഡി എഎൻഐയോട് പ്രതികരിച്ചു.
നേരത്തെ ഖമ്മത്തെ തദ്ദേശസ്ഥാപനത്തിലിരുന്ന് ഉദ്യോഗസ്ഥർ ടിക് ടോക്ക് വീഡിയോ എടുത്ത് വിമർശനത്തിന് വിധേയരായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാർത്ത പുറത്തുവന്നിരിക്കുന്നത്.
Discussion about this post