ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ട് ഛണ്ഡീഗഡ് പോലീസ്. രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയെന്ന ബോളിവുഡ് നടന് രാഹുല്‍ ബോസിന്റെ വീഡിയോയ്ക്ക് പിന്നാലെയാണ് ഛണ്ഡീഗഡ് ഡെപ്യൂട്ടി കമ്മീഷണറും എക്സൈസ് ടാക്സേഷന്‍ കമ്മീഷണറുമായ മന്ദീപ് സിംഗ് ബ്രാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. രാഹുല്‍ പുറത്തുവിട്ട വീഡിയോയില്‍ ബില്ലിന്റെ വിവരങ്ങളുള്‍പ്പടെയുള്ള കാര്യങ്ങളുണ്ടായിരുന്നു. പഴവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ചുമത്തിയതും അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ചണ്ഡീഗഢിലെ ‘ജെഡബ്ല്യു മാരിയറ്റ്’ ഹോട്ടലില്‍ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെയാണ് രാഹുല്‍ബോസ് പഴത്തിന് ഓര്‍ഡര്‍ ചെയ്ത്. പഴം ഉടനെത്തിയെങ്കിലും ബില്ല് താരത്തിന്റെ കണ്ണുതള്ളിക്കുന്നതായിരുന്നു. ട്വിറ്ററിലൂടെ ഇക്കാര്യം താരം പൊതുജനങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തു. വളരെ ലളിതമായ രീതിയില്‍ കാര്യം പറയുക മാത്രമാണ് വീഡിയോയില്‍ രാഹുല്‍ ചെയ്യുന്നത്.
38 സെക്കന്‍ഡുള്ള വീഡിയോയില്‍ ‘നിങ്ങളിത് വിശ്വസിക്കൂ. പഴങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആര് പറഞ്ഞു?’ എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇതോടെ സോഷ്യല്‍മീഡിയയില്‍ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
Discussion about this post