ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ നടപടിയെ ചോദ്യം ചെയ്തുളള അലോക് വര്‍മ്മയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് മുന്‍ സിബിഐ ഡയറക്ടറായിരുന്ന അലോക് വര്മ്മയ്ക്കെതിരെയുളള പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അലോക് വര്‍മ്മയുടെ കേസ് പരിഗണിക്കുക.
ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയാണ് അലോക് വര്‍മ്മയ്ക്കെതിരെ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിതീര്‍ക്കാന്‍ രണ്ടുകോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു രാകേഷ് അസ്താനയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുക. അലോക് വര്‍മ്മ നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിക്കും.
Discussion about this post