ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഇരുന്ന കുമാരസ്വാമി അവസാനമായി ഒപ്പ് വെച്ചത് ഭൂരഹിതരുടെ വായ്പ എഴുതി തള്ളുന്ന ഉത്തരവില്‍. രാജി വെയ്ക്കാന്‍ പോകുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചത്. അഞ്ച് വര്‍ഷം തികയ്ക്കാന്‍ സാധിച്ചില്ലെങ്കിലും നല്‍കിയ വാക്കുകള്‍ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ഭൂരഹിതരുടെ വായ്പ എഴുതി തള്ളിയ നടപടി.
രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയും ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുടേയും വായ്പയായിരുന്നു എഴുതിത്തള്ളിയതെന്ന് കുമാരസ്വാമി പറയുന്നു. ഏഴ് വോട്ടുകളുടെ വ്യത്യാസത്തില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടേക്കാമെന്ന സൂചന ലഭിച്ച ഘട്ടത്തിലായിരുന്നു കുമാരസ്വാമി ഭൂരഹിതരുടെ വായ്പ എഴുതി തള്ളിയത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി കുമാരസ്വാമിയോട് തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന വ്യക്തിയ്ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാനോ വായ്പകള്‍ എഴുതിത്തള്ളാനോ ഉള്ള അധികാരം ഉണ്ടായിരിക്കില്ല. ഇത്തരമൊരു തീരുമാനം താന്‍ എടുത്തതിന് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒറ്റത്തവണ ആശ്വാസമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ഉത്തരവ് നിലവില്‍ വരുന്നതിന് മുമ്പ് വായ്പ നേടിയവര്‍ക്ക് ഇത് ബാധകമാകുമെന്നും സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരമായി ഇതിനെ കണക്കാക്കുന്നെന്നും കുമാരസ്വാമി വ്യക്തമാക്കി.