ഛത്തീസ്ഗഢിലെ മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; പ്രദേശത്ത് കനത്ത സുരക്ഷ

സുരക്ഷയുടെ ഭാഗമായി വോട്ടെടുപ്പ് സമയക്രമത്തിലും മാറ്റമുണ്ട്.

ദന്തേവാഡ: ഛത്തീസ്ഗഡിലെ മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആംഭിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി വോട്ടെടുപ്പ് സമയക്രമത്തിലും മാറ്റമുണ്ട്.

10 മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുമണി വരെയും ബാക്കിയിടങ്ങളില്‍ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. മാവോവാദി മേഖലകളായ ഇവിടങ്ങളിലെ പത്തു മണ്ഡലങ്ങള്‍ അതീവ പ്രശ്ന ബാധിത മേഖലകളാണ്. ദന്തേവാഡ, മൊഹ്‌ളാ മന്‍പുര്‍, അന്തഗഡ്, ഭാനുപ്രതാപ്പുര്‍, കാന്‍കര്‍, കേശ്കല്‍, കൊണ്ടഗാവ്, നാരായണ്‍പുര്‍, ബിജാപുര്‍, കോണ്ട എന്നിവയാണ് ഗുരുതര പ്രശ്നമണ്ഡലങ്ങളായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കാക്കുന്നത്.

ബിജെപി ഭരണത്തിലിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയെ കൂടാതെ തെലങ്കാനയിലും മിസോറമിലുമാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ ബിജെപിക്കും കോണ്‍ഗ്രസിനും പുറമേ കോണ്‍ഗ്രസില്‍നിന്നു വിട്ടുപോയ അജിത് ജോഗിയും ശക്തമായി രംഗത്തുണ്ട്.

Exit mobile version