ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് താഴെയിറക്കാനാവുമെന്ന് ബിജെപി. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞത്.
അതെസമയം പ്രസംഗിക്കാതെ, ധൈര്യമുണ്ടെങ്കില്‍ ചെയ്തുകാണിക്കാന്‍ മുഖ്യമന്ത്രി കമല്‍ നാഥ് ബിജെപിയെ വെല്ലുവിളിച്ചു.
നിയമസഭയില്‍ പ്രസംഗിക്കവേയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്ക് പോര്.ബിജെപി നേതൃത്വത്തിലെ ഒന്നാമനോ രണ്ടാമനോ പറഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാരിനെ വീഴ്ത്തുമെന്നാണ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞത്.
എന്നാല്‍ പ്രസംഗിക്കാതെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കമല്‍ നാഥ് പറഞ്ഞു. ”നിങ്ങളുടെ നേതാക്കള്‍ക്ക് ബുദ്ധിയുണ്ട്. അതുകൊണ്ടാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ നിര്‍ദേശം നല്‍കാത്തത്”- കമല്‍നാഥ് പറഞ്ഞു.
മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ 114 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 109 അംഗങ്ങളുണ്ട്. നാലു സ്വതന്ത്രരുടെയും രണ്ട് എസ്പി അംഗങ്ങളുടെയും ഒരു ബിഎസ്പി അംഗത്തിന്റെയും പിന്തുണയോടെയാണ് കമല്‍നാഥ് ഭരണം നടത്തുന്നത്.
Discussion about this post