ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം. ജനാധിപത്യവും സത്യസന്ധതയും ജനങ്ങളേയും കര്‍ണാടകയ്ക്ക് നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിക്ക് തുടക്കം മുതല്‍ തന്നെ ഭീഷണിയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ പാതയിലെ ഒരു തടസ്സമായും ഭീഷണിയായും സഖ്യസര്‍ക്കാരിനെ അവര്‍ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം, എല്ലാം വാങ്ങാന്‍ കഴിയില്ലെന്നും എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും എല്ലാ നുണകളും ഒടുവില്‍ തുറന്നു കാട്ടപ്പെടുക തന്നെ ചെയ്യുമെന്ന് ബിജെപി ഒരു നാള്‍ തിരിച്ചറിയുമെന്നാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്. വിമത എംഎല്‍എമാര്‍ അവസാന നിമിഷവും വഴങ്ങാന്‍ കൂട്ടാക്കാതെയായതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്.
വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സഖ്യ സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.