ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു. 105 വോട്ടുകള്‍ക്കെതിരെ 99 വോട്ടുകളാണ് കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്.
വിശ്വാസവോട്ടെടുപ്പിന് 204 അംഗങ്ങളാണ് സഭയില്‍ എത്തിയത്. 99 പേര് അനുകൂലിക്കുകയും 105 പേര് എതിര്‍ക്കുകയും ചെയ്തതോടെയാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണത്.
കര്‍ണാടകയില്‍ ഇനി ബിജെപി ബിഎസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. നാളെ ബംഗളൂരുവില്‍ നിയമസഭാകക്ഷി യോഗത്തിനുശേഷം യെഡിയൂരപ്പ ഗവര്‍ണറെ കാണുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ കുമാരസ്വാമി രാജി സന്നധത അറിയിച്ചിരുന്നു. വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയുടെ മറുപടി ചര്‍ച്ച നടക്കുന്നതിനിടെയാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്.
അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കാന്‍ താനില്ലെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. പലയാളുകളും തന്നോട് എന്തിനാണ് അധികാരത്തില്‍ തുടരുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും എന്നാല്‍ ഈ കുതിരക്കച്ചവടക്കാരെ തുറന്നുകാട്ടാനായിരുന്നു ഇതെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
16 വിമത എംഎല്‍എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടിലേക്ക് എത്തിയത്.
Discussion about this post