ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഒടുവില്‍ പതനം. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവയ്ക്കും.
സഭയില്‍ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എംഎല്‍എമാര്‍ വോട്ടുചെയ്തു. 105 പേര് പ്രതികൂലമായും വോട്ടു ചെയ്തു. 204 എംഎല്‍എമാരാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തത്.
2018 മെയ് മാസത്തിലാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യംസര്‍ക്കാര്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കര്‍ ബിഎസ് യെദ്യൂരിയപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം രൂപീകരിക്കുകയും വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ സുപ്രീംകോടതി വരെ നീങ്ങിയ നാടകങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പ രാജിവെച്ച് കുമാരസ്വാമി അധികാരത്തിലേറിയത്.
ശേഷം, പതിനാറ് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ താഴെവീഴാതിരിക്കാന്‍ കോണ്‍ഗ്രസും ജെ ഡി എസും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.
എന്നാല്‍ വിമത എംഎല്‍എമാര്‍ നിലപാടില്‍ ഉറച്ചുനിന്നു. രണ്ട് സ്വതന്ത്ര എംഎല് എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.
224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബിഎസ്പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി ജെ പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിനാലുമാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.