ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാകണം. ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
അര്‍ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. വേണമെങ്കില്‍ നടപടികള്‍ക്കായി താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ സഭ പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു.
വിമത എംഎല്‍എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. ഇങ്ങനെ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് പല തവണ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ സഭയില്‍ അപേക്ഷിക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാണംകെട്ട ഏടായി.
താന്‍ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങള്‍ മാറിയെന്നും സഭയില്‍ കുമാരസ്വാമി പറഞ്ഞു.
ഇതിനിടെ പല തവണ സഭയില്‍ ബഹളമായി. സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കര്‍ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ ‘രാജി വയ്ക്കു’മെന്ന് സ്പീക്കര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും സൂചനകള്‍ പുറത്തുവരുന്നു.
Discussion about this post