ചാന്ദ്രയാന്‍ 2: രാജ്യത്തിന് അഭിമാന നേട്ടം; യുവ തലമുറയെ ശാസ്ത്ര മേഖലയിലേക്ക് ആകര്‍ഷിക്കും, ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദങ്ങളറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും നേതാക്കളും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാന്‍ 2 വിന്റെ വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കള്‍.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലെ വലിയ സ്‌ക്രീനില്‍ വിക്ഷേപണം തത്സമയം വീക്ഷിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ, ചന്ദ്രയാന്‍ 2 രാജ്യത്തെ സമര്‍ഥരായ യുവാക്കളെ ശാസ്ത്ര മേഖലയിലേക്കും ഗവേഷണത്തിന്റെയും കണ്ടെത്തലുകളുടെയും രംഗത്തേക്കും ആകര്‍ഷിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ദൗത്യം പുതിയ കണ്ടെത്തലുകള്‍ക്ക് വഴിതുറക്കുമെന്നും പുത്തന്‍ അറിവുകള്‍ പ്രദാനം ചെയ്യുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്‍കുന്നതിന് പ്രധാനമന്ത്രി മോഡിക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങി
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരും ചന്ദ്രയാന്‍ 2 ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്തെത്തി.

Exit mobile version