ന്യൂഡല്‍ഹി: വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം കേട്ട് ‘ഷോക്കടിച്ചി’ രിക്കുകയാണ് ഉപയോക്താവ്.
യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിമാണ് ഭീമമായ തുക കേട്ട് ഞെട്ടിയിരിക്കുന്നത്. 128,45,95,444 രൂപയുടെ ബില്ലാണ് ഷമിമിന് ലഭിച്ചത്. ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ വൈദ്യുതി ബോര്‍ഡിന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഷമിം.
അതേസമയം, ബില്‍ അടച്ചാല്‍ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം. പ്രദേശത്തെ മുഴുവന്‍ വൈദ്യുതി ബില്ലാണ് തനിക്ക് നല്‍കിയതെന്ന് ഷമിം പറയുന്നു. ജീവിതത്തിലെ എല്ലാ സമ്പാദ്യവും നല്‍കിയാലും ഒരിക്കലും ബില്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് ഷമിം ആവര്‍ത്തിക്കുന്നു.
ഒരിക്കലും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ലെന്നും ഷമിം പറഞ്ഞു. എന്നാല്‍, ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ പറയുന്നത്. വിശദപരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ എഎന്‍ഐയോട് പറഞ്ഞു. ജനുവരിയില്‍ കനൗജ് നിവാസിയ്ക്ക് 23 കോടി രൂപയുടെ ബില്‍ ലഭിച്ചിരുന്നു.
Discussion about this post