ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. സ്പീക്കറുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്ഡി കുമാരസ്വാമി രാജിവയ്ക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
വോട്ടെടുപ്പ് അധികം വൈകിപ്പിക്കരുതെന്ന് സ്പീക്കര്‍ കെആര്‍ രമേഷ്കുമാര്‍ പറഞ്ഞു. ചര്‍ച്ച വലിച്ചുനീട്ടാന്‍ ആഗ്രഹമില്ലെന്നും നടപടിക്രമങ്ങള്‍ അനുസരിച്ചുമാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു. തുടര്‍ന്നാണ് ഇന്നത്തേക്ക് സഭ പിരിഞ്ഞതും തിങ്കളാഴ്ച നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതും.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായി വാല അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അഭ്യര്‍ഥന നിരസിക്കപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയേ അവസാനിക്കൂ എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും അഭിപ്രായപ്പെട്ടു. വോട്ടെടുപ്പ് എപ്പോള്‍ നടത്താമെന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ചൊവ്വാഴ്ച എന്ന് കുമാരസ്വാമി മറുപടി നല്‍കിയത്.
Discussion about this post