ബാംഗ്ലൂര്‍; ഇന്ന് വൈകിട്ട് ആറ് മണിക്ക് മുന്‍പ് നിയമസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പറഞ്ഞ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. എനിക്ക് ഗവര്‍ണറോട് ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു.
‘എനിക്ക് ഗവര്‍ണറോട് ബഹുമാനമുണ്ട്. പക്ഷേ, അദ്ദേഹം നല്കിയ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിക്കുന്നു. ഇപ്പോള്‍ മാത്രമാണോ കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്?’- ഗവര്‍ണറുടെ സന്ദേശം വായിച്ച് കുമാരസ്വാമി പ്രതികരിച്ചു. താന്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയില്‍ നിന്ന് ആരും നിര്‍ദ്ദേശം നല്‍കിയിട്ടല്ലെന്നും, ഗവര്‍ണര്‍ അയച്ച സന്ദേശത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നും കുമാരസ്വാമി സഭയില്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തിലുള്ള തീരുമാനം താന്‍ സ്പീക്കര്‍ക്ക് വിടുകയാണെന്നും സ്പീക്കറുടെ തീരുമാനം ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാവില്ലെന്ന് തനിക്കുറപ്പുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
വിശ്വാസവോട്ട് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് കുമാരസ്വാമിയുടെ ആരോപണം.
Discussion about this post