ബംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ രാത്രി വൈകിയും ധര്‍ണയിരിക്കുന്ന ബിജെപി എംഎല്‍എമാര്‍ക്ക് ഭക്ഷണം എത്തിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര. ധര്‍ണ ഇരിക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
”ധര്‍ണ നടത്തുന്ന ബിജെപി നേതാക്കളില്‍ പലര്‍ക്കും രക്തസമ്മര്‍ദ്ദവും ഷുഗറും മറ്റ് അസുഖങ്ങളും ഉണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ അവര്‍ മണിക്കൂറുകളോളം ഇരിക്കുന്നത് ശരിയല്ല. അതുകൊണ്ടാണ് അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ചെയ്തത്. രാഷ്ട്രീയത്തിന് അപ്പുറത്ത് അവര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് ഇതും കൂടിയാണ്”- അദ്ദേഹം പറയുന്നു.
ധര്‍ണയിരിക്കുന്ന എംഎല്‍എമാരുടെ അടുത്ത് അതിരാവിലെ തന്നെ പരമേശ്വര എത്തി. അവര്‍ക്കൊപ്പം തന്നെ ഇരുന്നാണ് പ്രഭാത ഭക്ഷണം കഴിച്ചതും. മുതിര്‍ന്ന നേതാവ് ബിഎസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രാത്രി വിധാന്‍ സൗധയുടെ നടുത്തളത്തിലാണ് കിടന്നുറങ്ങിയത്. ഭക്ഷണം എത്തിച്ചു നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദമാണെന്നും അദ്ദേഹം പലവതവണ ആവര്‍ത്തിക്കുന്നുണ്ട്.